ഇരിട്ടി: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ബാരാപോൾ പദ്ധതി പ്രദേശം സന്ദർശിച്ചതിനു ശേഷം പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച നിർദേശങ്ങൾക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം.
പദ്ധതി കാരണം ദുരിതമനുഭവിക്കുന്നവർ ജിന്റോ കൊച്ചുവീട്ടിലിന്റെ വസതിയിൽ യോഗം ചേർന്ന പ്രദേശവാസികളുടെ യോഗത്തിൽ പുതിയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനറായി ജിന്റോ കൊച്ചുവീട്ടിലിനെയും ചെയർമാനായി ഡെന്നി നെല്ലിയാനിനെയും രക്ഷാധികാരിയായി പാലത്തുംകടവ് ഇടവക വികാരി ഫാ. ജോൺ പോൾ പൂവത്താനിക്കലിനെയും തെരഞ്ഞെടുത്തു.
ചോർച്ച അനുഭവപ്പെടുന്ന 1.400 കിലോ മീറ്റർ കനാൽ ഭാഗം പൂർണമായും പുനർനിർമിക്കണമെന്നും അല്ലെങ്കിൽ കനാലിന് താഴെ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളുടെയും ഭൂമി സർക്കാർ ഏറ്റെടുക്കണ മെന്നു മാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
കനാൽ പുനർനിർമിക്കാതെ ചോർച്ച അടച്ചുകൊണ്ടുള്ള ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നും ഇവർ പറയുന്നു. പഞ്ചായത്തംഗം മേരി റെജി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ പ്രദേശവാസികളുടെ ആശങ്കകൾ മന്ത്രിയെയും അധികൃതരെയും വീണ്ടും അറിയിക്കും. അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.